01:48am 13 November 2026
NEWS
സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത് ഇതുവരെ കാണാത്ത വേ​ഗത്തിലെന്ന് വി ഡി സതീശൻ


20/03/2026  12:53 PM IST
NILA
സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത് ഇതുവരെ കാണാത്ത വേ​ഗത്തിലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർഥി നിർണയം ഇതുവരെ കാണാത്ത വേഗത്തിലാണ് പൂർത്തിയായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. 140 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ യുഡിഎഫ് ഇതിനകം തീരുമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുന്നണിയിലും പാർട്ടിയിലും സീറ്റ് വിഭജനം യാതൊരു ഭിന്നതയും ഇല്ലാതെ ചരിത്രത്തിൽ ആദ്യമായി പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.

“ടീം യുഡിഎഫ്” എന്ന ആശയം യാഥാർത്ഥ്യമായ രീതിയിലാണ് ഇത്തവണ ചർച്ചകളും തീരുമാനങ്ങളും നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തുവെന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മുൻകാലങ്ങളിൽ ഇതിന് ഏറെ സമയം എടുത്തിരുന്നുവെന്നായിരുന്നു സതീശന്റെ വിശദീകരണം. തിരുവനന്തപുരത്തെ എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതുപോലെയല്ല കോൺഗ്രസിന്റെ നടപടിക്രമങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും സതീശൻ ആരോപിച്ചു. കെ. സുധാകരനും അടൂർ പ്രകാശും മത്സരിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, എംപിമാർ മത്സരിക്കുമോ എന്നത് സംസ്ഥാന നേതാക്കൾക്ക് തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വമാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. സുധാകരനെ സ്ഥാനാർഥിയാക്കിയാൽ താൻ രാജിവെക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കും സതീശൻ ശക്തമായി പ്രതികരിച്ചു. കൊച്ചിയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് താനും കെ.സി. വേണുഗോപാലും തമ്മിൽ തർക്കത്തിലാണെന്ന തരത്തിലുള്ള വാർത്തകളും വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം വാർത്തകൾ കണ്ടപ്പോൾ ഇരുവരും ചേർന്ന് ചിരിച്ചതേയുള്ളുവെന്നും, ഇത്രയും ഐക്യത്തോടെ പ്രവർത്തിച്ച ഒരു ഘട്ടം യുഡിഎഫിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img